ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് കുമാര്‍ ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. മുകേഷ് സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വിനയ് കുമാര്‍ ശര്‍മ ദയാഹര്‍ജി നല്‍കിയത്. ഡല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയഹര്‍ജിയില്‍ തീരുമാനമെടുക്കും.
വിനയ് ശര്‍മ ദയാഹര്‍ജി നല്‍കിയോടെ വധശിക്ഷ നടപ്പാക്കുന്നതിന് ഇനിയും കാലത്താമസം വരാനാണ് സാധ്യത. നേരത്തെ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെതിരെ മുകേഷ് സിംഗ് തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. താന്‍ നല്കിയ ദയാഹര്‍ജിക്കൊപ്പം എല്ലാ രേഖകളും രാഷ്ട്രപതിക്ക് സമര്‍പ്പിക്കപ്പെട്ടില്ലെന്നും തിഹാര്‍ ജയിലധികൃതര്‍ നല്കിയ രേഖകള്‍ മാത്രം പരിശോധിച്ച് തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നുമായിരുന്നു മുകേഷ് സിംഗിന്റെ വാദം. എന്നാല്‍ എല്ലാ രേഖകളും രാഷ്ട്രപതി പരിഗണിച്ചതാണെന്നും കേസിലെ രേഖകള്‍ മാത്രമല്ല കോടതി വിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയിരുന്നതാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ജനുവരി 22 ന് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും മുകേഷ് സിംഗ് ദയാഹര്‍ജി നല്കിയതിനാല് ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.