അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ യുവജനോത്സവത്തിന് വ്യാഴാഴ്ച്ച തുടക്കമാവും. വെള്ളി, ശനിയടക്കം മൂന്ന് ദിവസങ്ങളിലായി രാഗം, ശ്രുതി, ഭാവം, താളം എന്നിങ്ങനെ പേര് നൽകിയ നാല് വേദികളിലാണ് പരിപാടികൾ നടക്കുക. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. 18 ഇനങ്ങളിലായി 300 ൽ അധികം കുട്ടികൾ ഇതിനകം മത്സരങ്ങൾക്കായി പേര് നൽകിയിട്ടുണ്ട്. സമാജത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും മത്സരങ്ങളിൽ പങ്കെടുക്കാനാവുന്നതാണ്. 9 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ നിന്നും നൃത്തമുൾപ്പെടെയുള്ള മത്സരങ്ങളിൽ ഏറ്റവും പോയിന്റ് നേടുന്നയാളെ സമാജം കലാതിലകമായി തിരഞ്ഞെടുക്കും. കലാമണ്ഡലം രാജി സുബിൻ, കലാക്ഷേത്ര കവിത എന്നിവരാണ് വിധികർത്താക്കൾ. മത്സരാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവാണ് ഇത്തവണയുണ്ടായിട്ടുള്ളതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ വർഷത്തേക്കാൾ നാല് പുതിയ മത്സരയിനങ്ങളും ഇത്തവണയുണ്ട്. അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി ജയരാജൻ കലാവിഭാഗം സെക്രട്ടറി രേഖിൻ സോമൻ, ആക്ടിങ് ട്രഷറർ അനീഷ് മോൻ, അഹല്യ അൽബുസ്താൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: അനിൽ കുമാർ, ഫെഡറൽ എക്സ്ചേഞ്ച് പ്രതിനിധി സാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
—