ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് സ്കോട്ടിഷ് ഗാനം ആലപിച്ച് ബ്രിട്ടണ് വിട. യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ഉടമ്പടി വ്യവസ്ഥകൾക്ക് പാർലമെന്റ് അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായി.
യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ഇന്നത്തേത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്നതോടെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക ശനിയാഴ്ച രാവിലെ താഴ്ത്തും. ജനുവരി 31ന് രാത്രി 11നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്.