ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ് നിര്‍ദേശം നല്കി. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു.
നിലവില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെയും മറ്റും സഹായിക്കാന്‍ സൈന്യത്തിന്റെ സേവനമുണ്ട്. ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയത്.
വൈറസ് ബാധയില്‍ 132 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്കാര്‍ക്ക് പുറമേ ചൈനയിലുള്ള രണ്ട് ഓസ്ട്രേലിയക്കാര്‍ക്കും നാല് പാകിസ്താന്‍കാര്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചൈനയിലുള്ള വിദേശികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയ 5,974 പേരില്‍ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതര്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
ചൈനയ്ക്ക് പുറമെ മറ്റുരാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ, തായ്ലാന്ഡ്, ഹോങ് കോങ്, യുഎസ്, തായ്വാന്, ഓസ്ട്രേലിയ, മകാവു, ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാന്, കാനഡ, വിയറ്റ്നാം, നേപ്പാള്‍, കമ്പോഡിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.