കൊല്ലം : സഹോദരങ്ങളെ പരിചരിക്കാന്‍ മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ മുത്തശ്ശി നാലാം ക്ലാസ് പാസ്സായത് 105ാം വയസ്സില്‍. കൊല്ലം പറക്കുളം സ്വദേശിയായ ഭഗീരഥി അമ്മയാണ് തന്റെ 105ാം വയസ്സില്‍ നാലാം ക്ലാസ് പാസ്സായത്. 74. 5 ശതമാനം മാര്‍ക്കാണ് നാലാം ക്ലാസ് പരീക്ഷയില്‍ ഭഗീരഥി അമ്മ കരസ്ഥമാക്കിയത്.
കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു സംസ്ഥാന സാക്ഷരത മിഷന് സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ നടന്നത്. ഒന്‍പതാം വയസ്സിലാണ് വീട്ടിലെ പരാധീനത മൂലം ഭഗീരഥി അമ്മ പഠനം ഉപേക്ഷിച്ചത്. വീണ്ടും പഠനമെന്ന മോഹം ഉള്ളില്‍ ഉദിച്ചപ്പോള്‍ മക്കളെ ആവശ്യം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സാക്ഷരത മിഷന്റെ നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി. എന്നാല്‍ 105ാം വയസ്സില്‍ ഭഗീരഥി അമ്മ സ്വന്തമാക്കിയ ഈ നേട്ടം മക്കളെ പോലും അതിശയിപ്പിച്ചിരിക്കുകയാണ്. ആറു മക്കളും 16 കൊച്ചുമക്കളുമാണ് ഭഗീരഥി അമ്മയ്ക്കുള്ളത്.
105ാം വയസ്സിലും പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിയ ഭഗീരഥി അമ്മ എല്ലാവര്ക്കും ഒരു മാതൃകയാണെന്ന് സാക്ഷരത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി കെ പ്രദീപ് കുമാര്‍ പറഞ്ഞു.