സത്യമപ്രിയം

പിണറായിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമോ?

ജി കെ സുരേഷ് ബാബു

മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച സംസ്ഥാന നിയമസഭയില്‍ നടത്തിയ ധീരമായ പ്രസ്താവനയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. 1987ല്‍ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കഷണങ്ങളെയൊന്നും കൂടെ ചേര്‍ക്കാതെ ഇടതുമുന്നണി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് നേരിട്ടശേഷം ചരിത്രത്തിലാദ്യമായി എസ് ഡി പി ഐയുടെ ഭീകരമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും മുഖ്യമന്ത്രി എന്ന ഭരണഘടനാ പദവിയോട് ഉത്തരവാദിത്തവും സത്യസന്ധതയും കാണിച്ച ആദ്യത്തെ നടപടി എന്ന നിലയില്‍ ഇതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

മഹല്ല് കമ്മിറ്റികള്‍ നടത്തിയ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളില്‍ സമാധാനം പാലിക്കാന്‍ കാര്യമായ ശ്രമം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, എല്ലാവരും കൂടി നടത്തിയ പ്രതിഷേധത്തിലും മറ്റും എസ് ഡി പി ഐക്കാര്‍ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുകയും സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. കേരളത്തിലെ വര്‍ഗ്ഗീയ കലാപങ്ങളിലും സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും എസ് ഡി പി ഐയുടെയും അതിന്റെ പൂര്‍വ്വരൂപങ്ങളായ എന്‍ ഡി എഫിന്റെയും സിമിയുടെയും ഐ എസ് എസ്സിന്റെയും പങ്ക് ചെറുതല്ല. വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷനുകള്‍ പോലും ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് അംഗീകരിക്കാനോ സത്യം തുറന്നുപറയാനോ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറായിരുന്നില്ല. എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമിക ഭീകരരും ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ഒരിക്കല്‍ വി എസ് അച്യുതാനന്ദന്‍ പരസ്യമായ പ്രതികരണം നടത്തിയിരുന്നു. അതിനേശേഷം ഇക്കാര്യത്തെ കുറിച്ച് അദ്ദേഹവും മിണ്ടിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന, വിശേഷിച്ചും ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍, സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും ആണെന്ന് കരുതുന്നു. അങ്ങനെയാണെങ്കില്‍ സി പി എമ്മിന്റെ പാര്‍ട്ടി സംവിധാനത്തിലേക്ക് നുഴഞ്ഞു കയറിയിട്ടുള്ള എസ് ഡി പി ഐ, എന്‍ ഡി എഫ് മതതീവ്രവാദികള്‍ക്ക് എതിരെയാണ് ആദ്യം നടപടി എടുക്കേണ്ടത്. കഴിഞ്ഞദിവസം കൊല്ലം ചന്ദനത്തോപ്പില്‍ പൗരത്വ അനുകൂല പ്രകടനത്തിനിടയില്‍ അക്രമം നടത്താനെത്തി മുണ്ടില്ലാതെ പോലീസ് കൊണ്ടുപോയ ഷമീം മുഹമ്മദ് സി പി എമ്മിന്റെ ഏരിയ കമ്മിറ്റി അംഗമാണ് എ്ന്ന കാര്യം പുറത്തുവന്നു. ഇതേപോലെ കഴിഞ്ഞ കുറേ ദിവസമായി നിരവധി പേര്‍ അറസ്റ്റിലായി. ഇവരില്‍ പലരും എസ് ഡി പി ഐക്കാരാണ് എന്ന കാര്യം ശ്രദ്ധിക്കണം. കര്‍ണ്ണാടകത്തില്‍ അക്രമം നടത്തിയത് അവരാണ്. ഡല്‍ഹിയില്‍ അക്രമം നടത്തിയതും യു പിയില്‍ അക്രമം നടത്തിയതും അവരാണെന്ന് അതത് സം്സ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ ഉത്തവാദിത്തപ്പെട്ടവരോ പറഞ്ഞിട്ടുണ്ട്.

ആലുവയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ എത്തിയവര്‍ വിളിച്ച മുദ്രാവാക്യം, ‘കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും’ എന്നായിരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രി കൊടുങ്ങല്ലൂരില്‍ വത്സന്‍ തില്ലങ്കേരി താമസിച്ച വീടിനു നേരെ അക്രമം ഉണ്ടാവുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. മലപ്പുറത്തെ ഒരു പട്ടികജാതി കോളനിയിലെ ആളുകള്‍ അനുകൂല ജാഥയില്‍ പങ്കെടുത്തതിന് അവര്‍ക്ക് കുടിവെള്ളം നിഷേധിക്കുകയായിരുന്നു. അങ്ങനെയൊരു സംഭവമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ദേശീയ പട്ടികജാതി കമ്മീഷന്റെ മുന്നില്‍ വെച്ച് സംഭവം ഉണ്ടായെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ഥിരീകരിച്ചു. സംസ്ഥാനത്തുടനീളം നിയമത്തെ അനുകൂലിച്ചവര്‍ക്കെതിരെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബഹിഷ്‌ക്കരണ ഭീഷണിയും തൊഴില്‍ നിഷേധവും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ ഭീഷണിയും ഒക്കെ ഉണ്ടായി.

മുഖ്യമന്ത്രി പറഞ്ഞ രീതിയില്‍ മഹല്ല് കമ്മിറ്റിക്കാര്‍ സമാധാനപരമായാണോ പ്രവര്‍ത്തിച്ചത് എന്ന് ആലോചിക്കേണ്ടതാണ്. സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ടിനും എസ് ഡി പി ഐ തീവ്രവാദികള്‍ക്കും പണം വരുന്ന വഴി ഹവാലയാണെന്ന് എല്ലാവര്‍ക്കും അറിയാം. ലൗജിഹാദിന്റെയും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന്റെയും കേന്ദ്രമായ സത്യസരണിക്ക് എതിരെ എന്ത് നടപടിയുണ്ടായി? കേരളം ഇസ്ലാമിക ഭീകരരുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്ന ജോലിയാണ് ഒരുപറ്റം സി പി എമ്മുകാരും യു ഡി എഫ് നേതാക്കളും ചെയ്യുന്നത്. സി പി എമ്മിന്റെ താഴത്തട്ട് മുതല്‍ മുകളറ്റം വരെ ജിഹാദികള്‍ കടന്നുകൂടിയിരിക്കുന്നു. ചന്ദനത്തോപ്പ് ഒരു പാഠമാണ്. പരിശോധനയ്ക്കും ശുദ്ധീകരണത്തിനുമുള്ള പാഠം. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യം നേടി ശ്രീപത്മനാഭന്റെ നിലവറയിലെ നിധി ഞങ്ങള്‍ കൈയാളും എന്നുപറഞ്ഞ ജിഹാദി എസ് ഡി പി ഐക്കാരനെ ഓര്‍മ്മിക്കുക. ടിപ്പുവിനെതിരെ പോരാടിയ വൈക്കം പത്മനാഭ പിള്ളയുടെയും കുഞ്ചുക്കുട്ടി പിള്ളയുടെയും ചരിത്രം അവനറിയില്ല. പ്രിഥ്വിരാജിന്റെയും വീരശിവജിയുടെയും കഥകള്‍ 1921 ഒസ്സാന്‍ കത്തിയുമായി ഹാലിളകി വെല്ലുവിളിക്കുന്ന ഭീരുക്കളായ ജിഹാദികള്‍ മറക്കരുത്.

ഭാരതത്തിലെ ഹിന്ദുക്കള്‍ എല്ലാ മതസ്ഥരെയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ആരാധനയ്ക്കും ജീവിതത്തിനും അവസരം നല്‍കുകയും ചെയ്തവരാണ്. പ്രൊഫ. എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരും കെ എന്‍ എ ഖാദറും ആര്യാടനും അടക്കമുള്ള സര്‍വ്വധര്‍മ്മസമഭാവനയുടെ പ്രതീകങ്ങള്‍ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം കര്‍മ്മമണ്ഡലത്തിലെ സത്യസന്ധമായ നിലപാടുകള്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്ന ചേകന്നൂര്‍ മൗലവിയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങളാരും അറേബ്യയില്‍ നിന്ന് വന്നവരുടെ പരമ്പരയല്ല. ഈ നാട്ടില്‍ ഒരമ്മ പെറ്റ മക്കള്‍ തന്നെയാണ്. ജനിച്ചുവീണ മാതൃഭൂമിയെ വെട്ടിമുറിക്കാനും സഹോദരന്മാരായ ഹിന്ദുക്കളെ കൊന്നൊടുക്കാനും മുഗള്‍ പാരമ്പര്യത്തിലെ ഔറംഗസീബിനെ പോലെ ശ്രമിച്ചാല്‍ അതിനുള്ള തിരിച്ചടി പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. ഭാരതത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാമെന്നോ വിഭജിച്ച് കൊണ്ടുപോകാമെന്നോ ഉള്ള വ്യാമോഹം കാശ്മീരിലെ സ്ഥിതിഗതികള്‍ കണ്ടപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകുമല്ലോ? പാക്കിസ്ഥാന്റെ കളികള്‍ക്ക്, കൂലിക്ക് കല്ലെറിയാനും സൈനികരെ ആക്രമിക്കാനും ഇന്ന് കാശ്മീരികള്‍ തയ്യാറല്ല. എല്ലാ അഭ്യാസങ്ങളും തകര്‍ത്തെറിഞ്ഞ്  370-ാം വകുപ്പ് പൊളിച്ചടുക്കാന്‍ കവിയുമെങ്കില്‍ ഭീകരതയെ തുടച്ചു നീക്കാനും നരേന്ദ്രമോദിക്ക് കഴിയും. അത് ചെയ്യും. ഈ വാസ്തവം മനസ്സിലാക്കി അക്രമങ്ങളില്‍ നിന്ന് വഴിമാറുകയാണ് എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും ജിഹാദികളും ചെയ്യേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വ്യക്തമായ സൂചനയാണ്. ജിഹാദികളുടെ വോട്ട് നേടിയെങ്കിലും ഒരിക്കലെങ്കിലും മുഖ്യമന്ത്രിയാകാനുള്ള മണ്ടന്‍ ചെന്നിത്തലയുടെ ശ്രമങ്ങളെ തിരിച്ചറിഞ്ഞ് കണക്കു കൂട്ടിയാണ് മുഖ്യമന്ത്രി ഈ ്പ്രസ്താവന നടത്തിയത്. മുസ്ലീം ലീഗ് തന്നെ മറുകണ്ടം ചാടിയാല്‍ എസ് ഡി പ ഐയെ കൂട്ടു പിടിച്ചിട്ട് സ്വന്തം മണ്ഡലമായ ഹരിപ്പാട് പോലും ചെന്നിത്തലയണ്ണന്‍ കെട്ടിവെച്ച കാശ് വാങ്ങില്ല. മുസ്ലീം ലീഗും ഇടതുപങക്ഷവുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുന്‍ ആഭ്യന്തരമന്ത്രിയായ ചെന്നിത്തല അറിയാതിരിക്കില്ല. സരിതാ കേസ് കുത്തിപ്പൊക്കി പാര്‍ട്ടിക്കാരെ അടിക്കാന്‍ കാണിച്ച കുശാഗ്രബുദ്ധിയും ബന്ധുക്കളായ പോലീസ് ഉദ്യോഗസ്ഥരും ഒക്കെ ഇപ്പോഴുമുണ്ടല്ലോ. എസ് ഡി പി ഐയെ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം എന്ന പിണറായിയുടെ ചോദ്യം ചെന്നിത്തലക്കും മുസ്ലീം ലീഗിലെ ന്യൂനപക്ഷ വിഭാഗമായ തീവ്രവാദികള്‍ക്കും എതിരെയുള്ളതാണ്.

പിണറായിയുടെ തിരിച്ചറിവ് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണെങ്കില്‍, വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനല്ലെങ്കില്‍ അദ്ദേഹം സത്യപ്രതിജ്ഞയോട് നീതി പുലര്‍ത്തുന്നു എന്നതിന്റെ സൂചനയാണ്. ചെന്നിത്തലയുടെയും പ്രതിപക്ഷത്തിന്റെയും നിലപാടാകട്ടെ, ഒരിക്കല്‍ക്കൂടി ഭീകരര്‍ക്കും മതമൗലിക വാദികള്‍ക്കും കീഴടങ്ങുന്നു എ്ന്നതിന്റെ വ്യക്തമായ സൂചനയും. ഇനിയെന്ത് ,കാത്തിരിക്കാം.

5 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close