ന്യൂഡല്‍ഹി: ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ കലിതാര മണ്ഡല് പതിവു പോലെ ഇപ്രാവശ്യവും തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. 111 വയസാണ് കലിതാര മണ്ഡലിന്റെ പ്രായം. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ അഭയാര്‍ത്ഥിയായെത്തിയ ഇവര്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസിക്കുന്നത്.
സൗത്ത് ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രൈമറി സ്കൂളിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്നും പോളിംഗ് ബൂത്തിലെത്താന്‍ വാഹന സൗകര്യവും പോളിംഗ് ബൂത്തില്‍ വീല്‍ ചെയറും ഇവര്‍ക്കായി അധികൃതര്‍ ഒരുക്കിയിരുന്നു.
1908 ല്‍ ബംഗ്ലാദേശിലെ ബാരിസാലിലാണ് മണ്ഡല് ജനിച്ചത്. ഹിന്ദു വംശഹത്യയെ തുടര്‍ന്നാണ് മണ്ഡല് ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇവര്‍ തിരിച്ചു പോയെങ്കിലും 1971 ല്‍ യുദ്ധമുണ്ടായപ്പോള്‍ വീണ്ടും ഇന്ത്യയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. പിന്നീടാണ് ഇവര്‍ ഇന്ത്യന്‍ പൗരത്വം നേടിയത്. ആദ്യം മധ്യപ്രദേശില്‍ താമസിച്ച് ഇവര്‍ പിന്നീട് ഡല്‍ഹിയിലേക്ക് മാറി. ചിത്തരഞ്ജന് പാര്‍ക്കിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.