ബീജിംഗ്: കൊറോണ വൈറസ് ബാധയില്‍ ദിനം പ്രതി മരണ സംഖ്യ ഉയരുന്ന ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീ കുഞ്ഞിന് ജന്മം നല്കി. ഭാഗ്യവശാല്‍ കുഞ്ഞിന് വൈറസ് ബാധ ഏറ്റിട്ടില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലുള്ള ഷിജിയാങ് മേഖലയിലാണ് സംഭവം.
ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആണ്‍കുഞ്ഞിനാണ് ഇവര്‍ ജന്മം നല്‍കിയതെന്നാണ് അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്ന് ചൈനീസ് മാദ്ധ്യമമായ ക്സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പരിശോധനയില്‍ കുഞ്ഞിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കുഞ്ഞിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.
വൈറസ് ബാധയേറ്റ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ തന്നെ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷിജിയാങ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് നിലവില്‍ അമ്മയും കുഞ്ഞും ചികിത്സയിലുള്ളത്.