തിരുവനന്തപുരം: അതിവേഗയാത്രയ്ക്ക് ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങിയ കേരളാ പൊലീസ് ഇപ്പോള്‍ വാഹനങ്ങള്‍ക്ക് ഇന്ധനം വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ്. പെട്രോളും ഡീസലും നല്കിയ പമ്പുകള്‍ക്ക് ഒന്നരക്കോടിയിലേറെ രൂപയാണ് കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. കുടിശിക തുക ഉയര്‍ന്നതോടെ പല ജില്ലകളിലും പൊലീസ് വാഹനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ട് വാഹനങ്ങള്‍ ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 202 പൊലീസ് സ്റ്റേഷനുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ജീപ്പ് കൈമാറിയിരുന്നു. എന്നാല്‍ ഇവ സ്റ്റേഷനുകളിലെത്തിയാലും ഓടിക്കാനാവുമോയെന്ന കാര്യം ഇപ്പോള്‍ സംശയമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ പെട്രോളും ഡീസലും നല്കിയ പമ്പുകള്‍ക്ക് പണം നല്‍കുന്നില്ല. ഇതോടെയാണ് ക്യാംപുകളിലും മറ്റുമുള്ള വാഹനങ്ങളുടെ ഉപയോഗം കുറച്ചു തുടങ്ങിയത്. സര്‍ക്കാര്‍ പണം നല്കാത്തതിനാല് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കലും നീണ്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്.