ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യം എത്തിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ സഹോദരനെതിരെ എഫ്ഐആര്‍. ഗതാഗത മന്ത്രിയായ കൈലാഷ് ഗെഹ്ലോട്ടിന്റെ സഹോദരന് ഹരീഷ് ഗെഹ്ലോട്ടിനെതിരെയാണ് ഡല്‍ഹി പോലീസ് എഫ്ഐആര്‍ ചുമത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന ഫെബ്രുവരി 8ന് മുന്‍പായി ഡല്‍ഹിയിലേക്ക് അനധികൃതമായി മദ്യം കടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
2009ലെ ഡല്‍ഹി എക്സൈസ് നിയമത്തിലെ 33, 38, 68 എന്നീ വകുപ്പുകളാണ് ഹരീഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 6ന് ഹരിയാനയില്‍ മാത്രം വില്‍പ്പനക്ക് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ച മദ്യവുമായെത്തിയ ഒരു ട്രക്ക് പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ രവീന്ദര്‍ സിംഗ്, വീരേന്ദര്‍ സിംഗ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിടിയിലായവരെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഹരീഷുമായുള്ള ബന്ധം വ്യക്തമായത്. വോട്ടെടുപ്പ് നടന്ന ഫെബ്രുവരി 8ന് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനായാണ് മദ്യം എത്തിച്ചതെന്നും ഇതുവഴി വോട്ടര്‍മാരെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യമെന്നും ഡല്‍ഹി പോലീസിന്റെ എഫ്ഐആറില്‍ വ്യക്തമാക്കുന്നു.