കോഴിക്കോട്: അനുമതി നല്കിയതിനേക്കാള് കൂടുതല്‍ മണ്ണ് നീക്കം ചെയ്തതിന് സ്ഥലം ഉടമയ്ക്കും വാഹനങ്ങള്‍ക്കും പിഴ. താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് അനുമതി നല്കിയതിനേക്കാള് മണ്ണി നീക്കം ചെയ്തത്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് അനുമതി നല്കിയതിനേക്കാള് മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തിയത്.
ജിയോളജിസ്റ്റ് ഇബ്രാഹിം കുഞ്ഞ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. രണ്ട് എസ്ക്കവേറ്ററുകള്ക്കും ടിപ്പര്‍ ലോറികള്‍ക്കും സ്ഥലം ഉടമയ്ക്കും പിഴ ചുമത്തിയ അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാനും നിര്‍ദ്ദേശം നല്കി.
വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് സമര്‍പ്പിച്ച പ്ലാനിന്റെ അടിസ്ഥാനാനത്തിലാണ് മണ്ണ് നീക്കം ചെയ്യാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ അനുവദിച്ചതിലധികം മണ്ണ് ഇവര്‍ പ്രദേശത്ത് നിന്നും നീക്കിയതായാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.