വാഷിംഗ്ടണ്‍ : ജമാത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ മുംബൈ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളില്‍ ഉത്തരവാദിയാക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് അമേരിക്ക. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിരപരാധികള്‍ക്കാണ് 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായത്. മുംബൈ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെയെല്ലാം മുഖ്യ സൂത്രധാരന്‍ സയീദാണെന്ന കാര്യം അമേരിക്കയ്ക്ക് വ്യക്തമാണ്. അതിനാല്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ സയീദിനെ ഉത്തരവാദിയാക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ആവശ്യപ്പെട്ടു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ച കേസില്‍ ഹാഫിസ് സയീദിനെ ശിക്ഷിച്ച പാക് കോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സയീദിനെ ശിക്ഷിച്ചു കൊണ്ടുള്ള നടപടി ലോകത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുന്നു എന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു.
നേരത്തെ ഭീകരന് ഹാഫിസ് സയീദിനെ ശിക്ഷ വിധിച്ചുകൊണ്ടുളള കോടതി ഉത്തരവിന് പിന്നാലെ അമേരിക്കന്‍ പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സും രംഗത്ത് വന്നിരുന്നു. ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിനുള്ള ആദ്യ പടിയാണ് കോടതി ഉത്തരവ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ആഗോളതലത്തില്‍ പാകിസ്താനും ഉത്തരവാദിത്വമുണ്ടെന്നും ആലിസ് വെല്‍സ് ട്വിറ്ററില്‍ കുറിച്ചു.