വാരാണസി : മകളുടെ കല്യാണത്തിന്റെ ക്ഷണക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച് സൈക്കിൾ റിക്ഷാക്കാരൻ . വാരാണസിയിൽ നിന്നുള്ള മംഗൽ കെവാത്താണ് തന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് നരേന്ദ്രമോദിയ്ക്ക് അയച്ചത് . കത്ത് കിട്ടിയതിനു പിന്നാലെ മകൾക്കും , കുടുംബത്തിനും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മറുപടി അയച്ചു .
സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മോദിജിക്ക് ക്ഷണക്കത്ത് അയച്ചതെന്ന് കെവാത്ത് പറഞ്ഞു . ഒരു കത്ത് ഡല്‍ഹിയിലേക്കും മറ്റൊരുകത്ത് വാരാണസിയിലെ ഓഫീസിലേക്കുമാണ് അയച്ചത് . ഒരിക്കലും മറുപടി പ്രതീക്ഷിച്ചായിരുന്നില്ല കത്ത് അയച്ചതെന്ന് കെവാത്ത് പറഞ്ഞു .
വ്യാഴാഴ്ചയാണ് മോദിയുടെ കത്ത് കെവാത്തിനെ തേടിയെത്തിയത്. വധു വരന്മാര്ക്ക് വിവാഹാശംസകള്‍ നേർന്നതിന്റെ സന്തോഷത്തിനൊപ്പം സാധാരണക്കാർക്കും മോദി ആശംസ അറിയിച്ചതിന്റെ ആശ്ചര്യവും കെവാത്തിനുണ്ട് . ‘ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ ആഹ്ലാദത്തിലാണ് , സന്തുഷ്ടരാണ്, മകളുടെ വിവാഹത്തിനെത്തുന്ന മുഴുവന്‍ പേരെയും മോദിജിയുടെ കത്ത് കാണിക്കും‘ – കെവാത്ത് പറഞ്ഞു .
പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപയിനില്‍ സജീവ പങ്കാളിയുമായിരുന്നു മംഗൽ കെവാത്ത് .റിക്ഷവലിച്ച് കിട്ടുന്ന തുകയില്‍ പാതി ഗംഗാ നദിയുടെ ശുചീകരണത്തിനായി കെവാത്ത് നൽകുന്നുണ്ട് .