തിരുവനന്തപുരം: പോലീസ് വകുപ്പിന്റെ നവീകരണത്തിന് സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സാധനങ്ങള്‍ വാങ്ങിയത് സ്റ്റോക്ക് പര്‍ച്ചേസ് മാനുവല്‍ പ്രകാരമാണെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ സ്റ്റോക്ക് പര്‍ച്ചേസ് മാനുവല്‍ പാലിച്ചിട്ടില്ലെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ ജൂലൈ 27ന് വി.ടി.ബല്‍റാം എം.എല്‍.എയുടെ ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി സഭയില്‍ രേഖ മൂലം മറുപടി നല്‍കിയത്. എന്നാല്‍ സ്റ്റോക്ക് പര്‍ച്ചേസ് മാനുവലിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സാധനങ്ങള്‍ വാങ്ങിയിട്ടുള്ളതെന്ന് സി.എ.ജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതോടെ മുഖ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.
പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതല ഏറ്റെടുത്ത ശേഷമാണ് വകുപ്പിന്റെ നവീകരണത്തിനായി കൂടുതലും തുക ചെലവിട്ടത്. 151.41 കോടി രൂപയാണ് ബെഹ്റ ചെലവഴിച്ചത്. 2018-19 വര്‍ഷമാണ് ഇതില്‍ അധികവും ചെലവഴിച്ചത്. 78 കോടി രൂപ 18-19 വര്‍ഷം വിനയോഗിച്ചപ്പോള്‍ 2017-18ല്‍ 46 കോടി രൂപയും ചെലവിട്ടു. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മറ്റ് പൊതു മേഖല സ്ഥാപനങ്ങളില്‍ എന്നിവിടെങ്ങളില്‍ നിന്നാണ് നവീകരണ സാധനങ്ങള്‍ വാങ്ങിയതെന്നും രേഖകളില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.