മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായ പോലീസ് കോണ്‍സ്റ്റബിള്‍ വിവാഹിതനായി. മഹാരാഷ്ട്ര പോലീസിലെ ലളിത് സാല്‍വേയാണ് ലിംഗമാറ്റത്തിന് ശേഷം വിവാഹിതനായത്.ലളിത എന്ന പേരില്‍ വനിതാ പോലീസുദ്യോഗസ്ഥയായി സേവനം ചെയ്യുന്നതിനിടെയാണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. തുടര്‍ന്ന് പേര് ലളിത് എന്നാക്കി മാറ്റുകയായിരുന്നു. പുരുഷനായ ശേഷം കഴിഞ്ഞ 16-ാംതിയതിയാണ് വിവാഹിതനായത്.
നിരവധി നിയമനടപടികള്‍ക്കു ശേഷമാണ് ലളിത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായത്. മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രി സെന്റ് ജോര്‍ജ്ജിലാണ് ശസ്ത്രക്രിയ നടത്തിയത്. 2018 മെയ് മാസത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ലളിത് പറഞ്ഞു. മൂന്ന് ശസ്ത്രക്രിയകളാണ് ലളിതിന് നടത്തേണ്ടിവന്നത്.
ശസ്ത്രക്രിയക്ക് ശേഷം മഹാരാഷ്ട്ര പോലീസ് പുരുഷന്മാര്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ലളിതിന് അനുവദിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഭീട് ജില്ലയിലെ മാല്‍ഗാവ് താലൂക്കിലുള്ള രാജേഗാവ് ഗ്രാമവാസിയാണ് ലളിത്. ഔറംഗാബാദില്‍ നിന്നാണ് ലളിതിന് ജീവിത സഖിയെ ലഭിച്ചത്.
1988 ജൂണില്‍ ജനിച്ച ലളിത കുമാരി സാല്‍വേ നാല് വര്‍ഷം മുമ്പാണ് ശരീരത്തിലെ പ്രകടമായ മാറ്റം തിരിച്ചറിഞ്ഞത്. പുരുഷ ഹോര്‍മോണുകള്‍ വളരെയധികം കണ്ടെത്തിയ പരിശോധനയെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധോപദേശം തേടിയത്.പിന്നീട് ലിംഗമാറ്റത്തിനായി അനുമതി ലഭിക്കാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ലളിത് പറഞ്ഞു.
പോലീസ് വകുപ്പില്‍ ലിംഗമാറ്റ ശസ്ത്രക്രിയ വിഷയം സാങ്കേതിക തടസ്സങ്ങള്‍ക്കും കാരണമായിരുന്നു. അതും ഡിജിപി അനുമതിക്കായി കോടതിവഴി നേടിയെടുത്താണ് ലളിത് ശസ്ത്രക്രിയക്കൊരുങ്ങിയത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മഹാരാഷ്ട്രാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ശസ്ത്രക്രീയക്കായുള്ള നീണ്ട അവധി അനുവദിക്കണമെന്ന ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയത്.