ന്യൂഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കൊറോണ ബാധിതരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിദേശകാര്യ വക്താവ് രവിഷ് കുമാര്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,711 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 138 പേര് ഇന്ത്യക്കാര്‍ ആണ്. ഇവരില്‍ 132 പേര് കപ്പല്‍ ജീവനക്കാരും ആറു പേര് യാത്രികരുമാണ്. ഫെബ്രുവരി ഒന്‍പതിനാണ് ജപ്പാനിലെ യോക്കോഹോമ തീരത്ത് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് പിടിച്ചിട്ടത്. കപ്പലിലുള്ള ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.