തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. വിദ്യാര്‍ത്ഥിനിയുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെയാണ് ഇന്ന് ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. വിദ്യാര്‍ത്ഥിനിയുടെ സ്രവ സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രണ്ട് സാമ്പിളുകളുടെയും ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി രോഗ വിമുക്തയായതായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച മൂന്ന് പേരെയും ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ജനുവരി 29 നാണ് കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചൈനയില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയുടെ സ്രവങ്ങള്‍ പരിശോധിച്ചതില്‍ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 907 പേര് വീടുകളിലും ഏഴു പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.