തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പോലീസുകാരിലേക്ക്. പ്രതിപ്പട്ടികയിലുള്ള 11 പോലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെടിയുണ്ട കാണാതായി സിഎജി കണ്ടെത്തിയ വര്‍ഷങ്ങളിലെ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന ഇദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് കൊടുത്തുവിട്ടിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടെയും കെയ്സുകളുടെയും കണക്കാവശ്യപ്പെട്ട് ചിഫ് പോലീസ് സ്റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നല്കി.
പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെയ്ക്കുകയും സംഭവം മറച്ചു വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.