തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനപ്പുര്വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിംഗ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്നറുമായി പോകുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടുവെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്കി.
ഡിവൈഡറില്‍ ഇടിച്ചു കയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്നര്‍ ഇരട്ടി പ്രഹരത്തില്‍ ബസിലേക്ക് ഇടിച്ചു കയറി. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.