ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വീണ്ടും അനിശ്ചിതത്വം. വധശിക്ഷക്കെതിരായ നിയമ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലാത്ത പ്രതി പവന് ഗുപ്ത സര്‍ക്കാര്‍ നിയോഗിച്ച നിയമ സഹായം നിരസിച്ചതായി റിപ്പോര്‍ട്ട്. നിയമ സഹായത്തിനായി നിയോഗിച്ച അഭിഭാഷകനെ കാണാന്‍ പവന് ഗുപ്ത വിസമ്മതിച്ചു.
വധ ശിക്ഷ വിധിച്ച പ്രതികള്‍ക്ക് ലഭ്യമായ ദയാഹര്‍ജി പോലെയുള്ള നിയമ സഹായങ്ങളുമായി മുന്നോട്ട് പോകാന്‍ പവന് ഗുപ്ത തയ്യാറല്ല എന്നുള്ള സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. പവന് ഗുപ്ത അഭിഭാഷകനായ രവി ഖാസിയെ കാണാന്‍ വിസമ്മതിച്ചത് കേസില്‍ ആശയക്കുഴപ്പമുണ്ടാക്കാനും കാരണമായിട്ടുണ്ട്.
പവന് ഗുപ്തയെ കാണാന്‍ ഫെബ്രുവരി 19നാണ് അഭിഭാഷകന് രവി ഖാസി തിഹാര്‍ ജയിലിലെത്തിയത്. എന്നാല്‍ പവന് ഗുപ്ത ഇത് നിരസിച്ചെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പവന് ഗുപ്തയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നും രവി ഖാസി പ്രതികരിച്ചു. പുതിയ മരണ വാറണ്ട് പ്രകാരം മാര്‍ച്ച് 3നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക.