ദോഹ: ബഹറൈനിലും കുവൈത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തിടെ ഇറാനില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനില്‍ 12 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. നിരവധി പേര് വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ലോകരാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണ കൊറിയയിലും രോഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ദക്ഷിണ കൊറിയയിലാണ്. തിങ്കളാഴ്ച്ച മാത്രം 161 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 763 ആയി.