രാജ്യങ്ങളുടെ അതിർത്തി മേഖലകളിലും തന്ത്രപ്രധാന മേഖലകളിലും സുരക്ഷക്കായി ഉപയോഗിക്കുന്ന ചെറിയ ഡ്രോണുകൾ മുതൽ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കാൻ തക്കവണ്ണമുള്ള ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ വരെ ഉമെക്സ് 2020 ന്റെ ഭാഗമായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.സ്ഥലപരിമിതിയുള്ള സഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ ഫയർ എഞ്ചിൻ,ഏതു സാഹചര്യത്തിലും സഞ്ചരിക്കാൻ സാധിക്കുന്ന ചുറ്റും ആയുധങ്ങൾ വഹിച്ച സ്വയംനിയന്ത്രിത വാഹനങ്ങൾ,വെള്ളതിനടിയുലൂടെയും മുകളിലൂടെയും ഒരു പോലെ സഞ്ചരിക്കാൻ സാധിക്കുന്ന യന്ത്ര ബോട്ടുകൾ മുതലായവയും ഉമെക്ക്സിന്റെ ഭാഗമാണ്.പ്രതിരോധ മേഖലയിലെ നൂതന സങ്കേതിക വിദ്യകളും ഉമെക്ക്സിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട് .30 രാജ്യങ്ങളിൽ നിന്നുള്ള 163 ഓളം പ്രദർശകരാണ് ഇത്തവണ ഉമെക്സിനുള്ളത്. 25,500 ചതുരശ്ര മീറ്റർ സ്ഥലത്താണ് പ്രദർശനം നടക്കുന്നത്. 600 ഓളം സെമിനാറുകളും സമ്മേളനങ്ങളും ഉമെക്സിൽ നടക്കും. ദശലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉടമ്പടികളാണ് വരും ദിവസങ്ങളിൽ ഒപ്പ് വെക്കപ്പെടുക. മൂന്ന് ദിവസം നീണ്ട നിൽക്കുന്ന പ്രദർശനത്തിൽ 18,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനം സൗജന്യമാണ്. .അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഉമെക്സ് 2020 സംഘടിപ്പിച്ചിരിക്കുന്നത്.
—