കല്‍പ്പറ്റ: വയനാട്ടില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയ്ക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ഓടുകള്‍ക്ക് കേടുപാടു പറ്റിയിട്ടുണ്ട്. സംഭവ സമയത്ത് കളക്ടര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. വീടിന്റെ സിറ്റൗട്ടിലേക്ക് വരെ കല്ലുകള്‍ എത്തിയിട്ടുണ്ട്. തണ്ടര്‍ ബോള്‍ട്ട് സൈനികരും സുരക്ഷാ ജീവനക്കാരും പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
പൊലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലവിലുള്ള സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.