തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ചോദ്യ പേപ്പറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി പിഎസ് സി ചെയർമാൻ. ചോദ്യ പേപ്പർ കോപ്പിയടിച്ചതാണെന്നത് വില കുറഞ്ഞ ആരോപണമാണെന്ന് ചെയർമാൻ എംകെ സക്കീർ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചോദ്യ പേപ്പർ തയ്യാറാക്കുന്നത് കമ്മീഷനല്ല. രാജ്യത്തെ പ്രഗൽഭരാണ് ചോദ്യ പേപ്പർ തയ്യാറാക്കുന്നത്. മികച്ച നിലവാരത്തിലുള്ള പരീക്ഷയെന്നാണ് ഉദ്യോഗാർത്ഥികൾ അവകാശപ്പെടുന്നത്. അപവാദം പ്രചരിപ്പിക്കുന്നത് പിഎസ് സിയെ ദുർബലപ്പെടുത്തുന്നതിന് കാരണമാകും.
പബ്ലിക് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ആറ് ചോദ്യങ്ങൾ ചർച്ച ചെയ്യേണ്ടത് സമൂഹമാണ്. ചോദ്യങ്ങൾ സർവദേശീയമാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനിലെ തിയറി ചോദ്യങ്ങളാണിത്. ഒരിടത്ത് ചോദിച്ച ചോദ്യങ്ങൾ മറ്റൊരിടത്ത് ചോദിക്കുന്നതിൽ തെറ്റില്ല. ഈ ചോദ്യങ്ങൾ ലോകത്തെവിടെയും ഇങ്ങനെ മാത്രമേ ചോദിക്കാൻ കഴിയൂവെന്നും പിഎസ് സി ചെയർമാൻ പറഞ്ഞു.