ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയിലും അലിഗഢിലും നടക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ കലാപത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും, ഭീം ആര്‍മിയും എന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സംസ്ഥാന ഇന്റലിജന്‍സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചില പോപ്പുലര്‍ ഫ്രണ്ട്, ഭീം ആര്‍മി നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും ഇന്റലിജന്‍സ് വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് അലിഗഢില്‍ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധമുണ്ട്. തങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കലാപകാരികളില്‍ ചിലരുടെ മൊബൈല്‍ നമ്പറുകളിലേക്കുള്ള ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ചില പോപ്പുലര്‍ ഫ്രണ്ട് , ഭീം ആര്‍മി നേതാക്കളുമായാണ് ഇവര്‍ സംസാരിച്ചിട്ടുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത് കൂടാതെ ഞായറാഴ്ച അലിഗഢിലെ അംബേദ്ക്കര്‍ പാര്‍ക്കില്‍ പ്രതിഷേധം നടത്തിയതിന് ശേഷം ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് വെളിപ്പെടുത്തി. അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഭീം ആര്‍മി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്.
കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ച് കൊണ്ട് അലിഗഢ് നഗരത്തിലെ പ്രസിദ്ധ ദേവാലയത്തില്‍ എത്തിയ ഭീം ആര്‍മി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയതോടെ ഇവര്‍ക്ക് നേരെ കലാപകാരികള്‍ കല്ലെറിഞ്ഞ് ആക്രമണം നടത്തുകയാണ് ഉണ്ടായത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇവര്‍ വിവിധയിടങ്ങളില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കിയിട്ടുണ്ട്