ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നടപടി. താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ആം ആദ്മി അറിയിച്ചു. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നിരപരാധിയെന്ന് തെളിയുന്നതു വരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും താഹിര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്തതായി ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ, കലാപകാരികള്‍ ആക്രമണത്തിനുപയോഗിച്ച പെട്രോള്‍ ബോംബുകളും കല്ലുകളും ആസിഡ് ബള്‍ബുകളും ഉള്‍പ്പെടെയുള്ളവ താഹിറിന്റെ നാല് നില കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 പ്രകാരമാണ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തത്.
അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത് താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ആണെന്ന് അങ്കിത് ശര്‍മയുടെ കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താഹീര്‍ ഹുസ്സൈന്റെ വീടിന് മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്. പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന അക്രമികള്‍ അങ്കിത് ശര്‍മ്മ അടക്കം നാല് പേരെ പിടിച്ചുകൊണ്ടുപോവുകയും തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വെടിവെച്ചെന്നും അങ്കിതിന്റെ അച്ഛന് രവീന്ദര്‍ കുമാര്‍ പറഞ്ഞിരുന്നു. താഹിര്‍ ഹുസൈന് അക്രമികള്‍ക്കൊപ്പം വീടിന് മുകളില്‍ നില്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.