ന്യൂഡല്‍ഹി: ഡല്‍ഹി കലാപം നിയന്ത്രിക്കാന്‍ 70 കമ്പനി അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 100 പേര് ഉള്‍പ്പെടുന്ന 70 കമ്പനി അര്‍ദ്ധ സൈനികരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണത്തിലാണ് സുരക്ഷാ വിന്യാസം
വ്യാജ പ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും ആളുകള്‍ വിശ്വസിക്കരുത്. സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കാന്‍ താത്പര്യപ്പെടുന്ന ഗ്രൂപ്പുകളുടെ കെണിയില്‍ വീഴരുതെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലെയും ആളുകള്‍ ഉള്‍പ്പെടുന്ന സമാധാന സമിതികള്‍ രൂപീകരിച്ച് വരുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലീസ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കലാപബാധിത പ്രദേശങ്ങളിലെ ആളുകളെ സമാധാന കമ്മിറ്റികള്‍ സന്ദര്‍ശിക്കുന്നുണ്ട്. റോഡുകളും മറ്റും ശുചീകരിക്കുന്ന നടപടികളും പുരോഗമിക്കുന്നു. കേടുപാടുകള്‍ സംഭവിച്ച പൊതുസ്ഥാപനങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 514 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം അറസ്റ്റും വര്‍ദ്ധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി ആഭ്യന്തര മന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ അമുല്ല്യ പട്നായിക്കിന്റെയും സാന്നിധ്യത്തിലാണ് അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. 48 മണിക്കൂറിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കലാപ മേഖലകള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു.