കൊളംബോ: കൊറോണ രോഗഭീതിയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ കുടുങ്ങിയ ശ്രീലങ്കന്‍ പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി അറിയിച്ചു ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. ട്വിറ്ററിലൂടെയാണ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചത്.
”ടോക്കിയോയില്‍ നിന്ന് ശ്രീലങ്കന്‍ പൗരന്മാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിവരം നല്കി. പ്രധാനമന്ത്രിയോടും,ഇന്ത്യാഗവണ്മെന്റിനോടും എന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു ”, മഹിന്ദ രാജപക്സെ ട്വീറ്റ് ചെയ്തു .
യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ ഉണ്ടായിരുന്ന സംഘത്തെ ഇന്നലെയാണ് ഡല്‍ഹിയില്‍ എത്തിച്ചത്. സംഘത്തില്‍ 124 പേര് ഇന്ത്യക്കാരാണ്. ശ്രീലങ്ക,നേപ്പാള്‍,പെറു എന്നിവിടങ്ങളില്‍ നിന്നുള്ളവരും കപ്പലില്‍ ഉണ്ടായിരുന്നു.
14 ദിവസത്തെ നിരീക്ഷണത്തിനായി ഇവരെ ഡല്‍ഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുകയാണ് . രോഗബാധ ഇല്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഇവരെ വീടുകളിലേയ്ക്ക് അയക്കുകയുള്ളൂ.
ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലിലെ യാത്രക്കാര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി അഞ്ചിനാണ് യോക്കോഹാമ തുറമുഖത്തു നങ്കൂരമിട്ടത്.