ലഖ്നൗ: അയോധ്യ ക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്നതിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ വിപുലമായ പദ്ധതികള്‍ തയ്യാറാകുന്നു.
ആദ്യ ഘട്ടമായി അയോധ്യ ഒരു തീര്‍ത്ഥാടന നഗരമെന്ന നിലയില്‍ പരിചയപ്പെടുത്തുന്ന പദ്ധതിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്.
ചൈത്ര നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്ന മാര്‍ച്ച് 25നോടനുബന്ധിച്ചാണ് പ്രദര്‍ശന നഗരി വീണ്ടും തുറക്കുക. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്ട്സ് എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് അയോധ്യാ ഫെസ്റ്റിവല്‍ എന്ന പേരില്‍ പ്രദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. അയോദ്ധ്യയുടെ പൈതൃകം പൊതുസമൂഹത്തിന് ബോധ്യപ്പെടും വിധമുള്ള വിവിധ പ്രദര്‍ശനങ്ങളാണ് നഗരത്തിലുണ്ടാവുക.
പരിപാടിയിലൂടെ രാമായണവും അയോധ്യയുമായി ബന്ധപ്പെട്ട 150 പ്രധാന കേന്ദ്രങ്ങള്‍ അയോധ്യാ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ളത് വികസിപ്പിക്കലും പ്രധാന ഉദ്ദേശമാണെന്ന് സംഘാടകരായ ഐജിഎന്‍സിഎ അറിയിച്ചു.
അയോധ്യാ പര്‍വ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുട ആദ്യ ഘട്ടം ഇന്നാരംഭിക്കും. മൂന്ന് ദിവസമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വിപുലമായ പ്രദര്‍ശനം പിന്നീട് മാസങ്ങള്‍ നീളുന്ന തരത്തില്‍ നിശ്ചയിക്കും. പ്രധാന ഉത്സവ സീസണുകളോടനുബന്ധിച്ചാണ് പരിപാടികള്‍ നടക്കുകയെന്നും സംഘാടകര്‍ സൂചിപ്പിച്ചു.