ന്യൂഡല്‍ഹി: ലോകപ്രശസ്തമായ അന്താരാഷ്ട്ര യോഗോത്സവം മാര്‍ച്ച് 1 മുതല്‍ 7 വരെ ഋഷികേശില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി യോഗികള്‍ യോഗോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഋഷികേശ് യോഗികളുടെയും മുനിമാരുടെയും ആവാസ കേന്ദ്രമാണ്.
യോഗയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ഋഷികേശിലാണ് ഇത്തവണ അന്താരാഷ്ട്ര യോഗോത്സവം സംഘടിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത. എല്ലാ വര്‍ഷവും നടത്താറുള്ള യോഗോത്സവം ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം മാത്രം നൂറോളം രാജ്യങ്ങളില്‍ നിന്നായി 2000ലധികം ആളുകളാണ് യോഗോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
ഗംഗാ തീരത്ത് സംഘടിപ്പിക്കുന്ന പരിപാടിയായതിനാല്‍ തന്നെ ആത്മീയതയുടെ ഒരംശം ആദ്യം മുതല്ക്കേ യോഗികള്‍ക്ക് അനുഭവ വേദ്യമാകുമെന്ന് സംഘാടകര്‍ പറഞ്ഞു. അതിപുരാതനമായ യോഗാവിധികളിലെ പ്രത്യേകം തെരഞ്ഞെടുത്ത യോഗ ആഭ്യാസങ്ങള്‍ ഇത്തവണത്തെ യോഗോത്സവങ്ങളുടെ ഭാഗമാകും. ഇവയില്‍ പ്രാണായാമ, ഹഠ യോഗ, യോഗ നിദ്ര എന്നിവയായിരിക്കും കൂടുതല്‍ ശ്രദ്ധേയമാകുക.
അഗ്നിഹോത്ര, അജപ ജപ, അന്തര്‍ മൗന, ചക്ര സുധി, ചിന്താകശ ധര്‍മ്മ എന്നീ ധ്യാനമുറകളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. രാത്രികാലങ്ങളില്‍ ആശ്രമത്തില്‍ തന്നെ താമസിക്കാനുള്ള സൗകര്യമുണ്ടാകും. ഭജനകളാലും കീര്‍ത്തനങ്ങളാലും മുഖരിതമായ അന്തരീക്ഷമാണ് യോഗോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ കാത്തിരിക്കുന്നത്.
ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ഐക്യം കൈവരിക്കുന്നതിനാണ് യോഗോത്സവം പ്രധാനമായും സംഘടിപ്പിക്കുന്നത്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കല്‍, ശുദ്ധീകരണം തുടങ്ങി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണം.