തൃശൂര്‍: തൃശ്ശൂര്‍ വലപ്പാട് നിയന്ത്രണം വിട്ട ലോറി സ്കൂട്ടറില്‍ ഇടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരാണ് ഇവര്‍. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അപകടം.
കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് ചരക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ ദേഹത്ത് കൂടെ ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വലപ്പാട് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.