ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം താഹിര്‍ ഹുസൈനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവിലാണ്. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും പൊലീസ് വ്യക്തമാക്കി. താഹിര്‍ പോകാനിടയുള്ള സ്ഥലങ്ങളില്ലെല്ലാം അന്വേഷിക്കുന്നുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത് താഹിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ആണെന്ന് അങ്കിത് ശര്‍മയുടെ കുടുംബം നേരത്തെ തന്നെ പറഞ്ഞിരുന്നു. താഹീര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്. പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന അക്രമികള്‍ അങ്കിത് ശര്‍മ്മ അടക്കം നാല് പേരെ പിടിച്ചുകൊണ്ടുപോവുകയും തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വെടിവെയ്ക്കുകയും ചെയ്തെന്ന് അങ്കിതിന്റെ അച്ഛന് രവീന്ദര്‍ കുമാര്‍ ആരോപിച്ചിരുന്നു.
കലാപകാരികള്‍ ആക്രമണത്തിനുപയോഗിച്ച പെട്രോള്‍ ബോംബുകളും കല്ലുകളും ഇഷ്ടിക കഷണങ്ങളും ആസിഡ് ബള്‍ബുകളും ഉള്‍പ്പെടെയുള്ളവ താഹിറിന്റെ നാല് നില കെട്ടിടത്തില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.