ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറുമായി ബന്ധമുള്ള രണ്ട് വീടുകളിലാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതിയായ ഷക്കീര്‍ ബഷീര്‍ മാഗ്രെ, ജെയ്ഷെ മുഹമ്മദ് ഭീകരന് നസീം അഹമ്മദ് റാത്തര്‍ എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.
പുല്‍വാമ ഭീകരാക്രമണ കേസിലെ ചാവേറായ ആദില്‍ അഹമ്മദ് ദാറിനെ സഹായിച്ചതിന് ഷക്കീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകരരായ ആദിലിനും മുഹമ്മദ് ഉമര്‍ ഫാറുഖിനും ഇയാള്‍ അഭയം നല്‍കുകയും ഇവര്‍ക്ക് ആയുധവും പണവും എത്തിച്ച് നല്കാന് സഹായിച്ചിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
ആദില്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ മോഡിഫിക്കേഷന് വരുത്താനും അതില്‍ അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഘടിപ്പിക്കാനും ഇയാള്‍ പങ്കാളിയായിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.