കൊല്‍ക്കത്ത : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ചിലവാക്കിയ തുകയുടെ വിവരങ്ങള്‍ വ്യക്തമാക്കാന്‍ മമത സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. പ്രതിഷേധ പ്രകടനങ്ങള്‍ക്കും റാലിക്കും, പൗരത്വ ഭേദഗതിക്കെതിരെ പരസ്യം നിര്‍മ്മിക്കുന്നതിനും മറ്റും സര്‍ക്കാര്‍ പൊതുമുതല്‍ ഉപയോഗിച്ചതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
ഇത് സംബന്ധിച്ച് ഗവര്‍ണറുടെ ഓഫീസ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതിക്കെതിരായ പ്രകടനത്തിന് ചിലവഴിച്ച തുക സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്നാണ് കത്തിലെ ആവശ്യം
മാദ്ധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചതായാണ് വിവരം. ഇതിനെ പുറമേ വന്‍ തുക ചെലവിട്ടാണ് റാലികളും പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പരസ്യത്തില്‍ ഭരണ രംഗത്തും, പോലീസിലും ഉള്ള ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പൗരത്വ ഭേദഗതിക്കെതിരെ വന്‍തുക ചിലവാക്കി സര്‍ക്കാര്‍ പരസ്യം നിര്‍മ്മിക്കുന്നതിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. പരസ്യങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഉത്തരവിട്ട കോടതി സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നുള്‍പ്പെടെ പരസ്യം പിന്‍വലിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാര്‍ നല്കുന്ന വിശദീകരണത്തില്‍ പൊതുമുതല്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.