ലക്നൗ : ഭിന്ന ശേഷിക്കാര്‍ക്കും, മുതിര്‍ന്ന പൗരന്മാര്ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ പ്രായാഗ്രാജിലെ ക്യാമ്പില്‍ എത്തിയാണ് നരേന്ദ്ര മോദി ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തത്. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കും, മുതിര്‍ന്ന പൗരന്മാര്ക്കുമായി 56,000 സഹായ ഉപകരണങ്ങളാണ് ക്യാമ്പില്‍ വിതരണത്തിനായി എത്തിച്ചത്. ഏകദേശം 26,000 ആളുകള്‍ക്ക് പ്രധാനമന്ത്രി ഉപകരണങ്ങള്‍ വിതരണം ചെയ്തതായാണ് വിവരം.
19 കോടിയോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ക്യാമ്പില്‍ നിന്നും സൗജന്യമായി വിതരണം ചെയ്തത്. ശാരീരിക വെല്ലുവിളി നേരിടുന്നരെയും, മുതിര്‍ന്ന പൗരന്മാരെയും വിഷമതകള്‍ കൂടാതെയും മറ്റുള്ളവരുടെ സഹായം കൂടാതെയും ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഉപകരണം വിതരണം ചെയ്യുന്നതിന്റെ ലക്ഷ്യം എന്ന് ക്യാമ്പ് അധികൃതര്‍ വ്യക്തമാക്കി.
സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യം, കര്‍ഷകരുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോദി പ്രയാഗ് രാജില്‍ എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
പ്രയാഗ്രാജില് വരുന്നത് എപ്പോഴും വിശുദ്ധിയും ഊര്‍ജ്ജവും നല്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കുംഭാഘോഷത്തിന്റെ ഭാഗമായി ഇവിടെ നേരത്തെയും സന്ദര്‍ശനം നടത്തിയിരുന്നു. പ്രയാഗ്രാജിലെ സംഗം നദിയില്‍ സ്നാനം ചെയ്യാനുള്ള അവസരം തനിക്ക് ഉണ്ടായിട്ടുണ്ട്. പ്രയാഗ്രാജിലെ ശുചിത്വത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നുണ്ട്. പ്രദേശം വൃത്തിയായി സൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന കഠിനാധ്വാനം എടുത്ത് പറയേണ്ട കാര്യമാണ്. ഇവിടുത്തെ പ്രവര്‍ത്തകരുടെ കാലുകള്‍ കഴുകാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.