കോഴിക്കോട്; മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിഗൂഢ ശക്തികള്‍ തന്നെയാണ് സിഎഎ യുടെ പേരിലും മറ്റും രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് . മതം നോക്കിയാണ് കേരള പോലീസ് നിലപാട് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന് തുറന്നടിച്ചു. കോഴിക്കോട് ജില്ലയിലെ മാറാട് സന്ദര്‍ശനത്തിന് ശേഷം നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളെ സഹായിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട ജൂഡീഷ്യല്‍ റിപ്പോര്‍ട്ട് പോലും ഒളിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് കേരളത്തില്‍ വളര്‍ന്നുവരുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനായാണ് സുരേന്ദ്രന് മാറാട് എത്തിയത്. സ്വീകരണ പരിപാടിക്ക് മുന്നോടിയായി മാറാട് ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം പേര് മാറ്റി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന വിഹിതമായി അമ്പതിനായിരം രൂപ മാത്രം ചെലവഴിക്കുന്ന ലൈഫ് പദ്ധതി പിണറായി സര്‍ക്കാരിന്റെ നേട്ടമാണെന്ന് പറഞ്ഞ് വ്യാജ പ്രചാരണം നടത്തുന്നു. കേന്ദ്രഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ചാണ് ലൈഫ് പദ്ധതിയിലെ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതെന്നും സുരേന്ദ്രന് കോഴിക്കോട്ട് പറഞ്ഞു.