ദോഹ: കോവിഡ്-19 വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി
ഖത്തര്‍. ഇന്ന്(മാര്‍ച്ച്-18 ബുധന്‍) ഖത്തറില്‍ 10 പേര്‍ക്കാണ് രോഗം
സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 452 ആയി. ഇന്നത്തെ
മന്ത്രിസഭായോഗം ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരൊഴികെ 80 ശതമാനം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാര്‍ച്ച് 22 മുതല്‍ രണ്ടാഴ്ചത്തേക്ക്
വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്കി. ഓഫിസുകളില്‍ 20 ശതമാനം
ജീവനക്കാര്‍ ഹാജരായാല്‍ മതി.
സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍
താനി കാബിനറ്റ് യോഗത്തില്‍ അറിയിച്ചു.
അത്യാവശ്യ സേവനങ്ങള്‍ മാത്രമാണ് അടുത്ത രണ്ടാഴ്ച സര്‍ക്കാര്‍ ഓഫിസുകളില്‍
നിന്നു നേരിട്ടു ലഭ്യമാകുക. എന്നാല്‍ മെട്രാഷ്2 മൊബൈല്‍ ആപ്പ്, ഹുക്കൂമി
പോര്‍ട്ടല്‍, മന്ത്രാലയ വെബ്സൈറ്റുകള്‍ എന്നിവയിലൂടെ വിവിധ സര്‍ക്കാര്‍
സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകും.
ഖത്തറിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്നു മുതല്‍ നിര്‍ത്തി
വച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലുള്ള പൗരനമാരെ
തിരിച്ചെത്തിക്കുന്നതിനും ചരക്കു വിമാനങ്ങള്‍ ഇറങ്ങുന്നതിനും മാത്രമാണ്
അനുമതി. ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് ട്രാന്‍സിറ്റ്, കര്‍വ ബസ് സര്‍വീസ്
തുടങ്ങി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ മാര്‍ച്ച് 14 മുതല്‍
നിലച്ചിരിക്കുകയാണ്.
ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍
എന്നിവയൊഴികെ മറ്റെല്ലാ റീട്ടെയ്ല്‍ കടകളും അടഞ്ഞു കിടക്കുന്നു.
റസ്റ്ററന്റുകള്‍, കോഫീ ഷോപ്പുകള്‍ എന്നിവ തുറന്നു
പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്. സിനിമാശാലകള്‍, ജിംനേഷ്യങ്ങള്‍,
ഹെല്‍ത് ക്ലബ്ബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്പാ, ബാര്‍ബര്‍ ഷോപ്പുകള്‍
തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നില്ല. സൂഖ് ഹരാജും രണ്ടാഴ്ചത്തേക്ക്
അടച്ചു. തപാല്‍ സേവനങ്ങളും നിര്‍ത്തി. ഇതോടെ പല മേഖലകളും ഭാഗിക
സ്തംഭനത്തിലാണ്.
ഖത്തറിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ
രണ്ടു മുതല്‍ 32 വരെ സ്ട്രീറ്റുകളില്‍ ഗതാഗതം വിലക്കിയതോടെ രാജ്യത്ത്
പത്രങ്ങളുടെ അച്ചടിയും മുടങ്ങി. ഗള്‍ഫ് ടൈംസ്, ഖത്തര്‍ ട്രിബ്യൂണ്‍
എന്നിവയും അല്‍ ഷര്ഖിനു കീഴിലുള്ള വിദേശ പത്രങ്ങളുടെയും പ്രിന്റ്
എഡിഷനുകളാണ് നിലച്ചത്. ഇവയില്‍ രണ്ടു മലയാള പത്രങ്ങളും ഉള്‍പ്പെടും.
പെനിന്‍സുല, ലുസൈല്‍ ന്യൂസ് എന്നീ പത്രങ്ങള്‍ മുടക്കമില്ലാതെ
വായനക്കാരിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രവാസികള്‍
തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയാണിത്.
കൊറോണ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍
സ്വീകരിക്കുന്നുണ്ടെന്നും ഇതിന് എല്ലാവരുടെയും സഹകരണവും ദൃഢനിശ്ചയവും
ആവശ്യമാണെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്വിറ്ററില്‍
വ്യക്തമാക്കി.
കാര്യങ്ങള്‍ ശരിയായ ദിശയിലാണ്. വൈറസ് ബാധ തടയുക എന്നതാണ് സര്‍ക്കാരിന്റെ
ലക്ഷ്യം. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും സാധിക്കില്ല,
നടപടികളില്‍ അമാന്തവും അരുത്.
രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും സാധാരണ ജീവിതം നയിക്കാന്‍
ആവശ്യമായ എല്ലാ സേവനങ്ങളും സഹായവും സുരക്ഷയും സംരക്ഷണവും നല്‍കണമെന്നും
അമീറിന്റെ നിര്‍ദേശമുണ്ട്.
ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, മറ്റു സാധനങ്ങള്‍ എന്നിവയുടെ
പൂഴ്ത്തിവെയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയാന്‍ സര്‍ക്കാര്‍
ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അണുനാശിനികള്‍, മാസ്കുകള്‍
എന്നിവ ഉള്‍പ്പെടെ 214 ഉല്പന്നങ്ങളുടെ പരമാവധി വില്പന വില നിശ്ചയിച്ച്
വാണിജ്യ വ്യവസായ മന്ത്രാലയം ഇന്നു രാത്രി ഉത്തരവിറക്കി. മാസ്കുകള്‍ക്കും
സാനിറ്റെസറുകള്ക്കും അമിതവില ഈടാക്കിയ ഏതാനും സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിച്ചതായി അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
എത് അടിയന്തിര ഘട്ടവും അതിജീവിക്കാന്‍ ആവശ്യമായ ഭക്ഷ്യശേഖരം
ഖത്തറിലുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിക്കും
സംവിധാനമുണ്ട്. ഭക്ഷ്യസാധനങ്ങളുടെ ഉഗുണനിലവാരം ഉറപ്പുവരുത്താനും വില
നിയന്ത്രിക്കാനും അധികൃതര്‍ ശ്രദ്ധചെലുത്തുന്നുണ്ട്. അനാവശ്യമായി
സാധനങ്ങള്‍ വാങ്ങിക്കൂട്ടരുതെന്നും നിര്‍ദേശമുണ്ട്.
ആരാധനാലയങ്ങള്‍ അടച്ചുകൊറോണ വ്യാപനം തടയാന്‍ ഖത്തറില്‍ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്.
മസ്ജിദുകളില്‍ ദിവസേനയുള്ള അഞ്ചു നമസ്കാരവും വെള്ളിയാഴ്ച ജുമുഅ
നമസ്കാരവും ഉണ്ടാവില്ല. എന്നാല്‍ ബാങ്ക് വിളി തുടരും. ഔഖാഫ്,
ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവു നല്‍കിയത്. പൂര്‍ണ
സുരക്ഷിതത്വം ഉറപ്പാകും വരെ നിയന്ത്രണങ്ങള്‍ തുടരും. പകര്‍ച്ചവ്യാധി ഭീതി
നീങ്ങിയാലുടന്‍ പള്ളികള്‍ തുറക്കും.
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് എല്ലാ
സേവനങ്ങളും ഇന്ത്യന്‍ എംബസി ഉറപ്പാക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി
ബെനവൊലന്റ് ഫോറം(ഐസിബിഎഫ്) മുഖാന്തിരമാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നത്. സമന്വയം, പുനര്‍ജനി എന്നീ സംഘടനകളും സേവന മേഖലയില്‍
സജീവമാണ്.
കൊറോണ രോഗബാധിതര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ഖത്തര്‍
ഉറപ്പാക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രാഥമികാരോഗ്യ സംരക്ഷണ
കോര്പറേഷന്(പിഎച്ച്സിസി), സിദ്ര മെഡിസിന് എന്നിവ സംയുക്തമായാണ്
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഹമദ്
മെഡിക്കല്‍ സിറ്റിയിലെ സാംക്രമിക രോഗ പ്രതിരോധ കേന്ദ്രത്തിലാണ് രോഗികളുടെ
ചികിത്സ. ഏതാനും പിഎച്ച്സികളില് കോവിഡ്19 വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള
പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണബാധ മൂലം സ്വകാര്യമേഖലയിലെ തളര്‍ച്ച മറികടക്കാന്‍ 750 കോടി
റിയാലിന്റെ ഉത്തേജക പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍, സംഭരണ ശാലകള്‍ തുടങ്ങിയവയ്ക്ക് വൈദ്യുതി, വെള്ളം
നിരക്കുകള്‍ കഹ്റാമ ഇളവുചെയ്തു. കത്താറ ഹോസ്പിറ്റാലിറ്റി, ഖത്തരി
ദീയാര്, ബര്‍വ കൊമേഴ്സ്യല്‍ അവന്യൂ തുടങ്ങിയവ കച്ചവട സ്ഥാപനങ്ങളുടേയും
സംഭരണ ശാലകളുടേയും വാടക ഈടാക്കുന്നത് 6 മാസത്തേക്ക് ഒഴിവാക്കി.
വാഹനങ്ങളുടെ എസ്തിമാറ പുതുക്കുന്നതിനു ഫാഹെസുകളില് നടത്തുന്ന
പരിശോധനകളും ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരിശോധനയില്ലാതെ
ഓണ്‍ലൈനില്‍ വാഹന രജിസ്ട്രേഷന് പുതുക്കാം.