ആമ്പല്ലൂര്‍: വീട്ടു ജോലിക്ക് നിന്ന വയോധികയെ കൊറോണ വൈറസ് ബാധയുണ്ടെന്ന് ആരോപിച്ച് വീട്ടുടമസ്ഥര്‍ ഇറക്കി വിട്ടു. കിലോമീറ്ററുകളോളം അലഞ്ഞ് അവശയായ സ്ത്രീയ്ക്ക് സുരക്ഷ ഒരുക്കിയത് പുതുക്കാട് പൊലീസാണ്. പൊന്നാനിയിലാണ് സംഭവം.
കൊല്ലം സ്വദേശിനിയായ 60 കാരിയെയാണ് വീട്ടുകാര്‍ രോഗബാധയുണ്ടെന്നാരോപിച്ച് ഇറക്കി വിട്ടത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഇവരെ വീട്ടുകാര്‍ ബുധനാഴ്ച്ച പുലര്‍ച്ചെ കാറില്‍ തൃശൂരില്‍ കൊണ്ട് ഇറക്കി വിടുകയായിരുന്നു.
ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ ഇവര്‍ എങ്ങോട്ടെന്നില്ലാതെ ദേശീയ പാതയിലൂടെ നടക്കുകയായിരുന്നു. പത്ത് കിലോമീറ്ററിലധികം നടന്ന അവശയായ ഇവര്‍ ആമ്പല്ലൂരിലെ വഴിയരികില്‍ ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ഇവരെ പുതുക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗമോ രോഗ ലക്ഷണങ്ങളോ ഇല്ലെന്ന് കണ്ടെത്തി. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ വഴിയരികില്‍ ഉപേക്ഷിച്ച വീട്ടുകാരെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.