മുംബൈ: ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങരുതെന്ന താക്കീത് അവഗണിച്ചതിന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. മുംബൈയിലെ കാന്ദിവലിയിലാണ് സംഭവം. രാജേഷ് ലക്ഷ്മി ഠാക്കൂര്‍ എന്നയാളാണ് അനുജന് ദുര്‍ഗേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനെ സമത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുണെയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രാജേഷ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയതിന് പിന്നാലെ ലോക്ക് ഡൗണ്‍ അവഗണിച്ച് സഹോദരന് ദുര്‍ഗേഷ് വീടിന് പുറത്തിറങ്ങി.
പുറത്ത് പോയ ദുര്‍ഗേഷ് തിരിച്ചുവന്നപ്പോള്‍ രാജേഷും ഭാര്യയും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.അതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദുര്‍ഗേഷിനെ ആക്രമിക്കുകയായിരുന്നു. ദുര്‍ഗേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു.