കാസര്‍കോട് : ജില്ലയില്‍ സ്രവ പരിശോധനാ കിറ്റുകളുടെ ക്ഷാമത്തിന് പരിഹാരം. സ്രവ പരിശോധനയ്ക്കായുള്ള കിറ്റുകള്‍ എത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്രവ പരിശോധനയ്ക്കുള്ള 500 കിറ്റുകളാണ് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. നേരത്തെ ആശുപത്രിയില്‍ കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു.
ജില്ലയില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്രവസാമ്പിളുകള്‍ പരിശോധിക്കാന്‍ ജനറല്‍ ആശുപത്രിയിലേക്ക് ധാരാളം ആളുകള്‍ എത്തിയിരുന്നു. തുടര്‍ന്നാണ് സ്രവപരിശോധന കിറ്റിന് ക്ഷാമം നേരിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ ഉള്ളത് കാസര്‍കോടാണ്.
സ്രവ പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിഎച്ച്സികളില് നിന്ന് റഫര്‍ ചെയ്യുന്ന രോഗികളുടെ സ്രവങ്ങള്‍ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പരിശോധനയ്ക്ക് ശേഖരിക്കാവൂ എന്നാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
പനി, ചുമ, ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായയിരിക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. ജനങ്ങള്‍ അതാത് പരിധിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണം. നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് ജില്ലാ ആശുപ്രതിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കാവു എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.