ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടികള്‍ ഏകോപിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. പോലീസ് ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ ഇത്തരം മനോഭാവം മാറണമെന്ന് ഹര്ഭജന് ട്വിറ്ററില്‍ കുറിച്ചു. കുറിപ്പിനൊപ്പം കൃത്യനിര്‍വ്വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ഒരു സംഘം മര്‍ദ്ദിക്കുന്ന ദൃശ്യവും താരം പങ്കുവെച്ചിട്ടുണ്ട്.
പോലീസുകാരോടുള്ള ജനങ്ങളുടെ ഇത്തരം സമീപനം മാറണം. നമ്മുടെ ജീവന് രക്ഷിക്കാനാണ് അവര്‍ സ്വന്തം ജീവന്‍പോലും വകവക്കാതെ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ആരും മറക്കരുത്. അവരും നമ്മളെപ്പോലെ കുടുംബം ഉള്ളവരാണ്. പക്ഷെ ഇപ്പോള്‍ സ്വന്തം രാജ്യത്തിനു വേണ്ടിയാണ് അവര്‍ ജോലിചെയ്യുന്നത്. നല്ല നാളേക്കായി എല്ലാവര്ക്കും വീടുകളില്‍ തുടരാം. ദയവായി വിവേകമുള്ളവരായി തീരുക- ഹര്ഭജന് ട്വിറ്ററില്‍ കുറിച്ചു.
ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ വലിയ പ്രയാസമാണ് നേരിടുന്നത്. വീട്ടിലിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും അത് വകവക്കാതെയാണ് ചിലരുടെ പ്രവര്‍ത്തനം .ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ ഹര്ഭജന് സിംഗ് രംഗത്ത് വന്നത്.