ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ നിരക്കിൽ കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് സംയുക്ത ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.
രാജ്യത്ത് വൈറസ് ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ട്. എന്നാൽ ഇത് പ്രാഥമിക ഘട്ടം മാത്രമാണ്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ രാജ്യത്ത് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തുടരുന്ന ജാഗ്രത ഇനിയും ഉണ്ടാകേണ്ടതുണ്ട്. വിദേശത്തു നിന്നും എത്തുന്നവർ നിർബന്ധമായും പരിശോധനകൾക്ക് വിധേയരാകണം. ഇന്ത്യയിൽ ഇപ്പോഴും സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും വെല്ലുവിളി ഏറ്റെടുത്ത് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.