യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രഖ്യാപിച്ച ദേശീയ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച്ച രാത്രി എട്ട് മണി മുതൽ ഞായറാഴ്ച്ച രാവിലെ ആറ് മണി വരെയാണ് ബസ്, ടാക്സി സർവീസുകൾ നിർത്തുകയെന്ന് അബുദാബി മുൻസിപ്പാലിറ്റി ഗതാഗത വിഭാഗം അറിയിച്ചു. ഈ സമയങ്ങളിൽ ബസുകളും ടാക്സികളും ശുചീകരിച്ച് അണുവിമുക്തമാക്കും.കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പൊതുഗതാഗതം സുരക്ഷിതമാക്കാൻ അബുദാബിയിൽ കൂടുതൽ ബസ് സർവീസുകൾ ഇതിനകം ആരംഭിച്ചിരുന്നു.
36 പുതിയ ബസുകളും 122 അധിക ട്രിപ്പും 17 പുതിയ റൂട്ടുകളുമാണ് ഇതിന്റെ ഭാഗമായി ചിട്ടപ്പെടുത്തിയത്. തിരക്കേറുന്ന സമയങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തിയത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു. ബസുകളിലെ തിരക്ക് 60 ശതമാനം വരെ കുറക്കാൻ ഇതിലൂടെ സാധിച്ചിരുന്നു. ബസിലെ ഒന്നിടവിട്ട സീറ്റുകൾ ഒഴിവാക്കിയാണ് സാമൂഹിക അകലം ഉറപ്പാക്കിയത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെ സ്രവങ്ങൾ ഒരുകാരണവശാലും വാഹനത്തിൽ ആവാതെ ശ്രദ്ധിക്കണമെന്നും ഗതാഗത വിഭാഗം നിർദ്ദേശിച്ചു.