ന്യൂഡല്‍ഹി: കൊറോണ വൈറസിന്റ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കണ്ട്രോള് റൂം തുറന്നു. ഡല്‍ഹിയിലെ യുപി ഭവനിലാണ് രാജ്യതലസ്ഥാനത്ത് താമസിക്കുന്ന യുപി സ്വദേശികള്‍ക്കായി സര്‍ക്കാര്‍ കണ്ട്രോള് റൂം തുറന്നത്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്കോ മെഡിക്കല്‍ സഹായത്തിനോ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് യുപിയില്‍ നിന്നുള്ള നിരവധി തൊഴിലാളികളാണ് ഡല്‍ഹിയില്‍ കുടുങ്ങിയത്.
അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി എല്ലാ ദിവസവും പ്രധാനമന്ത്രിക്ക് റിപ്പാര്‍ട്ട് നല്കാന് കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത, രോഗികളുടെ അവസ്ഥ, ആശുപത്രികളിലെ സംവിധാനം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രിയെ ദിവസേന അറിയിക്കേണ്ടത്.
ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും ഒപ്പം നിന്ന് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.