ന്യൂയോര്‍ക്ക് : അഫ്ഗാനിലെ കാബൂളില്‍ സിഖ് ഗുരുദ്വാരക്ക് നേരെ നടന്ന ഐ.എസ്. ഇസ്ലാമിക ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. അതിനിഷ്ഠൂരവും നിന്ദ്യവും ഭീരുത്വ പരവുമായ ആക്രമണം എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസും ശക്തമായ ഭാഷയില്‍ അക്രമത്തെ അപലപിച്ചു. ഇന്നലെ ഗുരുദ്വാരയിലേക്ക് ഇരച്ചുകയറിയ ഭീകരന്മാര് 25 പേരേയാണ് വെടിവച്ചിട്ടത്. ഒട്ടും നീതീകരിക്കാനാകാത്ത ഇത്തരം പ്രവൃത്തിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും സഭ പ്രത്യേക പ്രസ്താവനയയിലൂടെ ആവശ്യപ്പെട്ടു.
ഗുരുദ്വാരയിലെ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പാഞ്ഞുകയറിയ ഭീകരന്മാര് നടത്തിയ വെടിവെയ്പ്പില്‍ 25 ആളുകള്‍ മരിക്കുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയുമാണ് ചെയ്തത്. അക്രമം നടന്ന ഉടനെ ഐ.എസ്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ചെയ്തവര്‍, സ്പോണ്‍സര്‍മാര്‍ എന്നിവരെ കണ്ടെത്തണമെന്ന ശക്തമായ ആവശ്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ 15 രാജ്യങ്ങളും ആവശ്യപ്പെട്ടു. 2018 ജൂലൈ മാസത്തിലും സിഖ് സമൂഹത്തിന് നേരെ ഐ.എസ്. ആക്രമണം നടത്തിയിരുന്നു. അന്ന് ജലാലാബാദില്‍ നടന്ന അക്രമത്തില്‍ 19 പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.