ഒമാനിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ മലവെള്ള പാച്ചലിൽ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽ പെട്ട് മരണമടഞ്ഞ കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നന്റെയും കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി മാറോളി പുത്തൻപുരയിൽ ബിജീഷിന്റെയും മൃതദേഹങ്ങൾ നാളെ (ഞായർ 29 മാർച്ച്) സൊഹാർ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിർ അറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ സർവീസ് നിർത്തിവെച്ചതിനെ തുടർന്ന് ഭൗതിക ശരീരങ്ങൾ നാട്ടിലേക്ക് കൊണ്ടു പോവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഒമാനിൽ തന്നെ സംസ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച അന്തിമ അനുമതി നാളെ രാവിലെ ലഭിക്കുമെന്നാണ് പ്രതീക്ഷ.