ഗുവാഹട്ടി: അസ്സമില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സില്‍ച്ചാര്‍ സ്വദേശിയായ 52 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അസ്സമില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ കേസ് ആണ് ഇയാളുടേത്. അസ്സമില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഇയാളുടെ യാത്ര വിവരങ്ങള്‍ ശേഖരിക്കുകയാണ് അധികൃതര്‍.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ 1251 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 102 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 32 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഗോളതലത്തില്‍ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നതായാണ് വിവരം. ഇതുവരെ ലോകത്ത് 784, 716 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.