തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിനിടെ വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക തയ്യാറായി. പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്. പട്ടികയുടെ അടിസ്ഥാനത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ നിന്നും പതിനൊന്ന് ജില്ലക്കാര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എഴുപത് പേരെ തിരിച്ചറിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര് പത്തനംതിട്ട ജില്ലക്കാരാണ്. മലപ്പുറത്തു നിന്നും 18 പേരും, തിരുവനന്തപുരത്തു നിന്ന് ഏഴ് പേരും, ഇടുക്കിയില്‍ നിന്ന് ആറ് പേരും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നുള്ള എട്ട് പേര് മതസമ്മേളനത്തില്‍ പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പാലക്കാട്, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് എന്നീ ജില്ലക്കാരും ഉണ്ട്. പാലക്കാട് നിന്ന് ഒന്‍പത് പേരും, കോട്ടയത്തു നിന്ന് നാല് പേരും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. എറണാകുളത്ത് രണ്ട് പേരും, കോഴിക്കോട് നിന്ന് ആറ് പേരും, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര് വീതം പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.