കൊറോണ വൈറസ് പടർന്നത് മൂലം യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഉണ്ടായ സാമ്പത്തിക ഭാരം കുറക്കാൻ താമസ വീസയും എമിറേറ്റ്സ് ഐഡിയും അടുത്ത 3 മാസത്തേക്കു സ്വമേധയാ സൗജന്യമായി നീട്ടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
മാർച്ച് ഒന്നിനു കാലാവധി തീർന്നവയും ഇതിൽ ഉൾപ്പെടും. 3 മാസത്തേയ്ക്കു നൽകിയ ഈ ആനുകൂല്യം ആവശ്യമാണെങ്കിൽ നീട്ടുമെന്നും അധികൃതർ സൂചിപ്പിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി ബന്ധപ്പെട്ട പിഴകളും ഏപ്രിൽ ഒന്നു മുതൽ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 1ന് കാലാവധി അവസാനിക്കുന്ന എല്ലാ സർക്കാർ സേവനങ്ങളും ഏപ്രിൽ 1 മുതൽ 3 മാസത്തേക്കു നീട്ടിയതായും അധികൃതർ അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് സേവനങ്ങളായ ഡോക്യുമെന്റ്സ്, പെർമിറ്റ്സ്, ലൈസൻസ്, കൊമേഴ്സ്യൽ റജിസ്ട്രേഷൻ എന്നിവയും ഇതിൽ ഉൾപെടും.യുഎഇയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനുമുള്ള പുതിയ നിയമത്തിനും മന്ത്രിസഭ രൂപം നൽകി. അടിയന്തര ഘട്ടങ്ങളിൽ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പുതിയ നിയമത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് അംഗീകാരം നൽകിയത് .പുതിയ സാഹചര്യത്തിൽ ഭക്ഷ്യോൽപന്നങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുകയാണ് ലക്ഷ്യം.