ഗുവാഹട്ടി : അസ്സമിലെ ആദ്യ കൊറോണ ബാധിതന് വൈറസ് പകര്‍ന്നത് നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ നിന്ന്. ഇയാള്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ചതായും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതായും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ആകെ 130 ആളുകളാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളത്. ഇവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും ശര്‍മ്മ അറിയിച്ചു.
മതസമ്മേളനത്തില്‍ പങ്കെടുത്ത 130 ആളുകളും സമൂഹത്തില്‍ വ്യാപകമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ ആളുകളും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്സമില്‍ കഴിഞ്ഞ ദിവസമാണ് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സില്‍ച്ചാര്‍ സ്വദേശിയായ 52 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ക്യാന്‍സറും, പ്രമേഹവും ഉള്ളതായാണ് വിവരം. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ യാത്രാ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്.
മാര്‍ച്ച് അഞ്ചിനാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി രോഗ ബാധിതന് ഡല്‍ഹിയിലേക്ക് പോയത്. ഡല്‍ഹിയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു ഹോട്ടലില്‍ മുറി എടുത്ത് താമസിച്ചിട്ടുണ്ട്. നിസാമൂദ്ദീനിലെ സമ്മേളനത്തിന് ശേഷം ഇയാള്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചിട്ടുണ്ട്. ശേഷം ഡല്‍ഹിയില്‍ നിന്നും മാര്‍ച്ച് 10 നാണ് ഇയാള്‍ ഗുവാഹട്ടിയില്‍ തിരിച്ചെത്തിയത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തിലാണ്.